കോട്ടയം: മുഖ്യമന്ത്രി വി.ഡി. സതീശന് ഇന്ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മാവേലിക്കരയിലെ പൊതുപരിപാടിയില്‍ പങ്കെടുത്തശേഷം ഉച്ചയ്ക്ക് 12.45ന് പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ കബറിടത്തിങ്കലെത്തി പൂഷ്പാര്‍ച്ചന നടത്തും.
തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കോട്ടയം ദര്‍ശന ഓഡിറ്റോറിയത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ കുര്യാക്കോസ് കുന്നശേരി ഫൗണ്ടേഷന്റെ പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കുന്ന മുഖ്യമന്ത്രി നാലിന് മണര്‍കാട് ബൈപാസില്‍ തൂത്തുട്ടി മാര്‍ അന്തോണിയോസ് ഇവാഞ്ചലിക്കല്‍ മിഷന് വയോജന സംരക്ഷണ വില്ലേജിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. പിന്നീട് കടുത്തുരുത്തിയിലേക്ക് പോകുന്ന മുഖ്യമന്ത്രി കടുത്തുരുത്തി ടൗണ്‍ ബൈപാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചശേഷം എറണാകുളത്തിനു മടങ്ങും.
മുഖ്യമന്ത്രിയായതിനുശേഷം ഇതു രണ്ടാം തവണയാണ് ജില്ലയിലെത്തുന്നത്. മേയ് 31ന് നടന്ന ദീപിക ശതോത്തര റൂബി ജൂബിലി ആഘോഷ ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാണു മുഖ്യമന്ത്രിയായതിനുശേഷം വി.ഡി. സതീശന് ആദ്യമായി ജില്ലയിലെത്തിയത്.